ഷാർലറ്റ് (നോർത്ത് കരോളൈന): ബാങ്ക് ഓഫ് അമേരിക്ക കോർപറേഷൻ നടത്തിയ ഫണ്ട് മാനേജർമാരുടെ ഏറ്റവും പുതിയ സർവേ പ്രകാരം, ഏഷ്യയിലെ ഏറ്റവും കുറഞ്ഞ മുൻഗണനയുള്ള ഓഹരിവിപണിയായി ഇന്തോനേഷ്യക്കു പകരം ഇന്ത്യ മാറി.
ഈ വർഷം ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിപണികളിലൊന്നായ ഇന്ത്യൻ ഓഹരിവിപണിയോടുള്ള നിക്ഷേപകരുടെ വർധിച്ചുവരുന്ന ജാഗ്രതയാണ് ഇത് സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് ഏഴിനും 13നും ഇടയിൽ ശേഖരിച്ച ഈ സർവേയിൽ, ആകെ 272 ബില്യണ്‍ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്ന 98 ഫണ്ട് മാനേജർമാർ പങ്കെടുത്തു.
ഇന്തോനേഷ്യയോടുള്ള നിക്ഷേപകരുടെ മനോഭാവത്തിൽ പുരോഗതിയുണ്ടായിട്ടുണ്ട്. രാജ്യത്തെ നിക്ഷേപം നിശ്ചിത അളവിലും കുറച്ച (നെറ്റ് അണ്ടർവെയ്റ്റ്) ഫണ്ട് മാനേജർമാരുടെ എണ്ണം ജൂലൈയിലെ 32 ശതമാനത്തിൽ നിന്ന് 27 ശതമാനമായി കുറഞ്ഞു. മേഖലയിൽ നിക്ഷേപകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വിപണികളായി തായ്വാനും ജപ്പാനും തുടർന്നു.
എന്തുകൊണ്ടാണ് ഫണ്ട് മാനേജർമാർ ഇന്ത്യയോട് വിമുഖത കാണിക്കുന്നത്?
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വ്യക്തമായ സ്വാധീനമില്ലാത്തതാണ് ഇന്ത്യൻ ഓഹരികളെക്കുറിച്ചുള്ള ഏറ്റവും വലിയ ആശങ്കയായി സർവേ ചൂണ്ടിക്കാണിക്കുന്നത്. ദുർബലമായ സാന്പത്തിക വളർച്ചയാണ് ഇതിന് തൊട്ടുപിന്നിലുള്ള കാരണം.
മറുപടി നൽകിയവരിൽ 32 ശതമാനവും ഇന്ത്യയുടെ കാര്യത്തിൽ ഇന്ത്യയിൽ നെറ്റ് അണ്ടർവെയ്റ്റ് (കുറഞ്ഞ നിക്ഷേപം) നിലപാടാണ് സ്വീകരിച്ചത്. ഏഷ്യയിലെ നാലാമത്തെ വലിയ ഓഹരി വിപണിയായ ഇന്ത്യയോടുള്ള ഈ നിഷേധാത്മക നിലപാടിന് പരിഷ്കാരങ്ങളുടെ അഭാവവും ഉയർന്ന മൂല്യനിർണയവും കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടു.
വിപണിയുടെ അടിസ്ഥാന ഘടകങ്ങൾ മെച്ചപ്പെടുന്നുണ്ടെങ്കിലും മികച്ച വരുമാന പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ രണ്ട് ആഴ്ചകളായി ഇന്ത്യൻ ഓഹരികൾ ഇടിവ് നേരിടുന്ന സമയത്താണ് സർവേ ഫലങ്ങൾ പുറത്തുവരുന്നത്. നിക്ഷേപകർ ഇപ്പോഴും ജാഗ്രത പാലിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
നിക്ഷേപം വരുന്നു
ബ്ലൂംബെർഗ് സമാഹരിച്ച വിവരങ്ങൾ പ്രകാരം നിലവിലെ ത്രൈമാസത്തിൽ ആഗോള നിക്ഷേപകർ നാലു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ ഓഹരികൾ വാങ്ങിയിട്ടുണ്ട്. മേഖലയിലെ വളർന്നുവരുന്ന വിപണികളിൽ ഏറ്റവും ഉയർന്ന ഒഴുക്കാണിത്.
പ്രമുഖ ബെഞ്ച്മാർക്ക് സൂചികയായ എൻഎസ്ഇ നിഫ്റ്റി 50ലെ കന്പനികൾ റിപ്പോർട്ട് ചെയ്ത വരുമാനം അവസാന മൂന്ന് മാസത്തെ കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 18 % വർധിച്ചു. ഇത് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് പ്രവചിച്ച 10 % വളർച്ചയേക്കാൾ വളരെ മുന്നിലാണ്.
യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന സാന്പത്തിക വളർച്ചയെ സമ്മർദത്തിലാക്കിയ മേയ് മാസത്തിലാണ് ബാങ്ക് ഓഫ് അമേരിക്ക സർവേയിൽ ഇന്ത്യ ഏറ്റവും കുറവ് താത്പര്യമുള്ള വിപണിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഈ സംഘർഷം പരിഹരിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതിനാൽ, ഉൗർജ ചെലവുകൾ വീണ്ടും ഉയരുകയാണ്, ഇത് നിക്ഷേപകരുടെ ആശങ്കകൾ വർധിപ്പിക്കുന്നു.